ലഹരി വിരുദ്ധ ദിനം ഉപന്യാസം

ലഹരി വിരുദ്ധ ദിനം ഉപന്യാസം ലഹരി വസ്തുക്കളുടെ ഉപയോഗം ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു സാമൂഹിക വിപത്ത്

 

കേരള സംസ്ഥാനം രൂപീകൃതമായി 65 വർഷം പിന്നിട്ടു. ഇക്കാലയളവിൽ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, തുടങ്ങി വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇതിൽ തന്നെ ചില നേട്ടങ്ങളിൽ ലോകത്തിലെ വികസിത രാജ്യങ്ങൾക്കു തുല്യമായ അഭിമാനാർഹമായ സ്ഥാനവും നമുക്കുണ്ട്. എന്നാൽ സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും, പുരോഗതിക്കും, സാംസ്കാരിക മൂല്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മനുഷ്യനെ ശാരീരികമായും, മാനസികമായും തകർക്കുന്ന സമൂഹ്യ വിപത്താണ് ലഹരി.  ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ ബന്ധങ്ങളുടെ തകർച്ച, കുറ്റകൃത്യം, ആത്മഹത്യ തുടങ്ങി മദ്യവും, മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രത്യാഘാതം നിരവധിയാണ്. കൂടുതലായി കുട്ടികളിലും, യുവജനങ്ങളിലും പിടിമുറുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. എന്താണെന്ന് അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാൻ,വിഷാദം മാറ്റാൻ, ക്ഷീണം മാറ്റാൻ, വീട്ടിലെ പ്രശ്നങ്ങൾ, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്ത് ചെയ്യണമെന്നറിയാത്തവർ, എന്നിങ്ങനെ ലഹരി വസ്തുക്കളിലേക്ക് മാറാൻ കാരണങ്ങൾ നിരവധിയാണ്.മൊബൈൽ ഫോണും, ഇന്റർനെറ്റും ജീവിതം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്.ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴി തെറ്റിക്കുന്ന ഈ വസ്തുക്കളെ കുറിച്ച് വേണ്ടത്ര അറിവ് കുട്ടികൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ പലരും ഈ ദുർഗതിയിൽ പെടില്ലല്ലോ!  കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുശ്ശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത മഹാ ഗർത്തങ്ങളിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.കാലാന്തരത്തിൽ ലഹരി ഉപയോഗിക്കാൻ കൂട്ട് നിന്നവരോ, പഠിപ്പിച്ചവരോ, ആരും കൂട്ടാനില്ലാതെ ലഹരിയുടെ മാത്രം സൗഹൃദത്തിൽ ഏകാന്തരായി കഴിയാനാണ് ഇവരുടെ വിധി. അർബുദം, ആരോഗ്യ പ്രശ്നങ്ങൾ, മാനസിക രോഗം എന്നിവ ഇവരെ തേടിയെത്തും.മാനസിക വ്യാപാരങ്ങളെയും, മൃദുല വികാരങ്ങളെയും മരവിപ്പിച്ചു കളയുന്ന ഇത്തരം രസക്കൂട്ടുകൾ ക്രൂരമായ എന്ത് പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവരാക്കി ഉപയോക്താക്കളെ മാറ്റുന്നുണ്ട്. ദിനംപ്രതി ഇത്തരം വാർത്തകൾ നാം കാണുന്നതാണ്.പുതിയ രൂപത്തിലും ഭാവത്തിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാള ഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ലഹരി വിരുദ്ധ ദിനം. 1987 മുതലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്. മുപ്പതാണ്ട് പിന്നിടുമ്പോഴും ജാതി മത പ്രായ ഭേദമന്യേ സ്ത്രീകളും, കുട്ടികളുമടക്കം ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊരു മാറ്റം വരുത്താൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല.ലഹരിയുടെ വല അനുദിനം വിസ്തൃതമായി നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ അതിശക്തമായ പ്രചാരണബോധവൽക്കരണ പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണം അതോടൊപ്പം ലഹരി ഉപയോഗം  തടയുന്നതിനുള്ള സർക്കാർ പദ്ധതികളും നിലവിലുള്ള നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും വേണം. അതിന് എല്ലാവരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം.

Sharing Is Caring:

Leave a Comment